ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഇന്നലെ പുഴയുടെ 15 അടി താഴെവരെ പോയി പരിശോധന നടത്തി. ഒരു പോയിന്റിൽ കുറേ തടിക്കഷ്ണങ്ങളും സ്റ്റേ വയറും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. തടി നിറച്ച ലോറിയുമായാണ് അർജുൻ ഷിരൂരിൽ നിന്ന് വന്നുകൊണ്ടിരുന്നത്. ഈ കണ്ടെത്തൽ 13-ാം ദിനത്തിലെ തിരച്ചിലിൽ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നൽകുന്നു.
ഇന്നലെ പുഴയിലുണ്ടായ ശക്തമായ അടിയൊഴുക്ക് വെല്ലുവിളി സൃഷ്ടിച്ചെന്ന് ഈശ്വർ മാൽപെ പറഞ്ഞു. എന്നാൽ ഇതിലും പ്രയാസമേറിയ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഴുക്കുകൊണ്ട് കാഴ്ച പരിമിതപ്പെട്ടിരുന്നെങ്കിലും കമ്പിയും വീടിന്റേതിന് സമാനമായ തകര ഷീറ്റും കണ്ടെത്തിയതായി അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഏഴ് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ അദ്ദേഹവുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയി. മൂന്നാമത്തെ ഡൈവിലാണ് മാൽപെ ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. അതേസമയം, ഡ്രഡ്ജിങ് സാധ്യത പരിശോധിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു.