ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗംഗാവലിപ്പുഴയിൽ തിരച്ചിൽ നടത്തുന്നതിനായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും ഇറങ്ങുന്നതിനെക്കുറിച്ച് രാവിലെ 9 മണിക്ക് നടക്കുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. കാർവാർ എംഎൽഎയുടെ നിർദേശപ്രകാരം മാൽപെയുടെ സംഘം സ്വന്തം റിസ്കിൽ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്നലെ ഏഴ് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ പരിശോധന നടത്തിയത്. മൂന്നാമത്തെ ഡൈവിൽ ഈശ്വർ മാൽപെ ഒഴുക്കിൽപ്പെട്ടു, അദ്ദേഹവുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയി. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കി പരിശോധന നടത്തി. എന്നാൽ, ചെളിയും മണ്ണും കല്ലും കാരണം അടിത്തട്ടിലെത്താൻ സാധിച്ചില്ല.
മാൽപെയുടെ പരിശോധനയിൽ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം, ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചതായും അദ്ദേഹം വ്യക്തമാക്കി. തിരച്ചിൽ ദൗത്യം തുടരുന്നതിനിടെ, രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ സാങ്കേതിക മാർഗങ്ങൾ പരിഗണിക്കുന്നതായി അധികൃതർ സൂചിപ്പിച്ചു.