പാരീസ് ഒളിംപിക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ ക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയിൽ അവതരിപ്പിച്ച പാരഡി പരിപാടി വലിയ വിവാദമായിരിക്കുകയാണ്. ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് ഉൾപ്പെടെയുള്ള വിശ്വാസികളും പുരോഹിതരും ഈ പരിപാടിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നു. ക്രിസ്തീയ വിശ്വാസത്തെ പരിഹസിക്കുന്നതായിരുന്നു പരിപാടിയെന്നാണ് അവരുടെ ആരോപണം. വിമർശനങ്ങൾക്കും ഐക്യദാർഢ്യ പ്രകടനങ്ങൾക്കും ബിഷപ്പുമാർ നന്ദി രേഖപ്പെടുത്തി.
ഡാവിഞ്ചിയുടെ അന്ത്യ അത്താഴത്തിൻ്റെ ചിത്രം പ്രമേയമാക്കിയായിരുന്നു പാരഡി പരിപാടി അവതരിപ്പിച്ചത്. യേശുവിൻ്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് 18 പേർ അണിനിരന്നു, മധ്യത്തിൽ ഒരു സ്ത്രീ വെള്ള തലപ്പാവ് ധരിച്ചിരുന്നു. ഈ പരിപാടി സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് വിധേയമായി. ജൂതരടക്കമുള്ള ഇതര മതവിശ്വാസികളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.
അമേരിക്കയിലെ മിനസോട്ട ബിഷപ്പ് റോബർട്ട് ബാരൺ ഈ പരിപാടിക്കെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തു. ഇത് ക്രിസ്തീയതയെ ശത്രുവായി കാണുന്ന ഉത്തരാധുനിക മതനിരാസ വാദികളുടെ പ്രവൃത്തിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തെ അതിസമ്പന്നനായ ഇലോൺ മസ്കും അമേരിക്കൻ സെനറ്റർ മാർകോ റൂബിയോയും ഉൾപ്പെടെയുള്ളവർ ഈ പരിപാടിയെ വിമർശിച്ചു, ഇത് ക്രിസ്തീയ വിശ്വാസത്തെ അപമാനിക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു.