കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചിൽ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ധർ സംഘമാണ് പരിശോധന നടത്തിയത്. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലായിരുന്നു പ്രധാനമായും പരിശോധനകൾ കേന്ദ്രീകരിച്ചത്. എന്നാൽ ഇരുട്ട് രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞതനുസരിച്ച്, ഇന്നത്തെ തിരച്ചിൽ വിഫലമായിരുന്നു. ചെളി, മണ്ണ്, മരം എന്നിവ പ്രശ്നങ്ങൾ സൃഷ്ടിച്ചതായും, ശക്തമായ ഒഴുക്കിൽ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് തിരച്ചിൽ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാർക്ക് ചെയ്ത മുഴുവൻ സ്ഥലവും പരിശോധിച്ചതായും എംഎൽഎ അറിയിച്ചു. നാളെ വീണ്ടും ദൗത്യം പുനരാരംഭിക്കുമെന്നും, ഈശ്വർ മാൽപെ തുടരുമോയെന്ന് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ നദിയിലേക്കിറങ്ങിയ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയി. മൂന്നാമത്തെ ഡൈവിലാണ് അദ്ദേഹം ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്കു പുറമേ മത്സ്യത്തൊഴിലാളികളുടെ ബോട്ടും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. മാൽപെയുടെ പരിശോധനയിൽ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയെങ്കിലും അടിത്തട്ടിലെത്താൻ സാധിച്ചില്ല. ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്നും, ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചതായും എംഎൽഎ അറിയിച്ചു.