അഗ്നിവീർ പദ്ധതിയെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുടരുന്നു. ഒഡിഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ സംവരണം പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഹരിയാനയും ഇതേ നിലപാട് സ്വീകരിച്ചിരുന്നു.
കാർഗിൽ വിജയ ദിവസത്തിൽ പ്രധാനമന്ത്രി അഗ്നിവീർ പദ്ധതിയെ പ്രശംസിച്ചിരുന്നു. സേനയ്ക്ക് യുവമുഖം നൽകാൻ പദ്ധതി സഹായിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഈ നിലപാടിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഇതിനെ തുടർന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി അഗ്നിവീറുകൾക്ക് തൊഴിൽ സംവരണം പ്രഖ്യാപിച്ചത്.
എൻഡിഎ ഘടകകക്ഷികളിൽ ജെഡിയു അടക്കമുള്ള പാർട്ടികൾ അഗ്നിവീർ പദ്ധതിയോട് തത്വത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഈ പുതിയ നീക്കത്തിലൂടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെക്കൂടി അഗ്നിവീറുകൾക്ക് സംവരണം ഉറപ്പാക്കാൻ നിർബന്ധിതരാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിലൂടെ അഗ്നിവീർ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്താനും അവർ ശ്രമിക്കുന്നു.