സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ കിഫ്ബിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. പുതിയ വായ്പകളെടുക്കുന്നതിന് ധനകാര്യ വകുപ്പിന്റെ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമ്പോൾ കിഫ്ബിയുടെ വായ്പ സർക്കാരിന് ബാധ്യതയാകുമെന്നതിനാലാണ് ഈ നടപടി. സർക്കാരിന് കൂടുതൽ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പദ്ധതികൾക്ക് മുൻഗണന നൽകാൻ സിപിഐഎം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കിഫ്ബിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കിഫ്ബിയുടേയും പെൻഷൻ കമ്പനിയുടേയും ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയായി കണക്കാക്കുന്ന രീതിയിൽ കേന്ദ്രം മാറ്റം വരുത്തിയിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടിയാണ് കിഫ്ബി രൂപീകരിച്ചതെന്നും ധനവകുപ്പ് വിലയിരുത്തുന്നു.
കേന്ദ്രത്തിൽ നിന്നും സഹായം ലഭിക്കുന്നതിൽ വീണ്ടും ചർച്ച തുടങ്ങാനും ധനവകുപ്പ് നീക്കം തുടങ്ങി. നിയമപോരാട്ടം വിജയിക്കാൻ കാലതാമസമെടുക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. ധനവകുപ്പിന്റെ അറിവില്ലാതെയാണ് കേന്ദ്രത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചതെന്നും, കിഫ്ബി സി.ഇ.ഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം.എബ്രഹാമാണ് ഇതിന് പിന്നിലെന്നുമാണ് ധനവകുപ്പിന്റെ നിലപാട്.