കേരള കോൺഗ്രസിൽ വീണ്ടും തർക്കം മുറുകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് പുതിയ പ്രശ്നം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ സതീശന് കടുത്ത എതിർപ്പുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ ചുമതല ഏറ്റെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഡി.സി.സി സംഘടിപ്പിക്കേണ്ട ക്യാമ്പുകളുണ്ട്. പ്രതിപക്ഷ നേതാവിന്റെ നിസ്സഹകരണം തുടർന്നാൽ ഈ ക്യാമ്പുകളും മറ്റ് പ്രവർത്തനങ്ളും പ്രതിസന്ധിയിലാകും. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ സതീശനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു.
പാർട്ടിയെ അടിത്തട്ടിൽ സജീവമാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമത്തിനിടെയാണ് ഈ പടലപ്പിണക്കം ഉണ്ടായിരിക്കുന്നത്. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. വയനാട്ടിലെ ചിന്തൻ ശിബിരിൽ പ്രതിപക്ഷ നേതാവിനെ ഏൽപ്പിച്ച പാർട്ടി ചുമതലകൾ ഇനി അദ്ദേഹം ഏറ്റെടുക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.