വിദ്വേഷമില്ലാത്ത ജനതയുണ്ടെങ്കിലേ നവഭാരതസൃഷ്ടി സാധ്യമാകുകയുള്ളൂ എന്ന് മഹാത്മഗാന്ധിയുടെ ചെറുമകനും പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ തുഷാര്ഗാന്ധി അഭിപ്രായപ്പെട്ടു. മാള ഡോ. രാജു ഡേവിസ് ഇന്റര്നാഷണല് സ്കൂളിന്റെ ഡെസിനിയല് ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷം എന്നും ഇന്ത്യയുടെ വളര്ച്ചയ്ക്ക് വലിയ തടസ്സമായിട്ടുണ്ടെന്നും, ഹിന്ദു-മുസ്ലിം വിദ്വേഷം മൂലമുണ്ടായ രാജ്യവിഭജനവും തുടര്ന്നുണ്ടായ വര്ഗ്ഗീയ കലാപങ്ങളും ഇന്ത്യ-പാക്കിസ്ഥാന് യുദ്ധങ്ങളും രാജ്യത്തിന്റെ പുരോഗതിയെ ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരത്തിലൂടെ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, 75 വര്ഷങ്ങള്ക്കു ശേഷവും പൂര്ണ്ണ സ്വരാജ് ലഭിച്ചിട്ടില്ലെന്ന് തുഷാര്ഗാന്ധി അഭിപ്രായപ്പെട്ടു. എല്ലാ ജനങ്ങള്ക്കും തുല്യമായ സാമ്പത്തിക സമത്വം ഉണ്ടാകുമ്പോള് മാത്രമേ യഥാര്ത്ഥ സ്വാതന്ത്ര്യം കൈവരികയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. നിലവില് ബ്രിട്ടീഷ് അടിമത്വത്തില് നിന്ന് സ്വന്തം ജനതയുടെ അടിമത്വത്തിലേക്ക് മാറിയ സാഹചര്യമാണുള്ളതെന്നും, ഇത് കൂടുതല് അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാര്ത്ഥികളുടെ ചോദ്യങ്ങള്ക്ക് മറുപടി നല്കവേ, അണ്ണഹസാര സമരം പരാജയപ്പെട്ടത് ഗാന്ധിയന് മാര്ഗ്ഗത്തില് നിന്ന് വ്യതിചലിച്ചതിനാലാണെന്നും, ഇസ്രായേല്-പാലസ്തീന് പ്രശ്നപരിഹാരത്തിനായി നടത്തിയ ചര്ച്ചകള് പരാജയപ്പെട്ടത് ലോക രാഷ്ട്രങ്ങളുടെ നിലപാട് മൂലമാണെന്നും തുഷാര്ഗാന്ധി വിശദീകരിച്ചു. ഹിന്ദുയിസം ആദ്ധ്യാത്മിക മാര്ഗ്ഗമാണെന്നും ഹിന്ദുത്വം രാഷ്ട്രീയ മാര്ഗ്ഗമാണെന്നും അദ്ദേഹം വ്യത്യാസപ്പെടുത്തി.