ഗംഗാവലി പുഴയിലെ അർജുനയുടെ രക്ഷാദൗത്യം ശക്തമായ അടിയൊഴുക്കിനെ തുടർന്ന് നീളുന്നു. നാവികസേന അറിയിച്ചതനുസരിച്ച്, നിലവിലെ അടിയൊഴുക്ക് ഏഴ് നോട്സിൽ കൂടുതലാണ്. ഒരു നോട്ട് എന്നത് മണിക്കൂറിൽ 1.85 കിമി വേഗതയിലുള്ള അടിയൊഴുക്കാണ്. ഈ സാഹചര്യത്തിൽ ഡൈവ് ചെയ്താൽ അപകടസാധ്യതയുണ്ടെന്നും നാവികസേന മുന്നറിയിപ്പ് നൽകി.
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചതനുസരിച്ച്, അർജുനെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഡ്രോൺ പരിശോധനയ്ക്കൊപ്പം റഡാർ പരിശോധനയും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോറിയുടെ യഥാർത്ഥ സ്ഥാനം കണ്ടെത്താൻ ഡ്രോൺ പരിശോധന ആരംഭിച്ചിട്ടുണ്ട്. ലോറി സാന്നിധ്യം കണ്ടെത്തിയ മൂന്നാമത്തെ പോയിന്റിൽ ലോഹവസ്തുക്കൾ ചിതറിക്കിടക്കുന്നതായി സിഗ്നൽ ലഭിച്ചതായും റിപ്പോർട്ടുണ്ട്.
ഷിരൂരിൽ ഡൈവിങ് സാധ്യമാകണമെങ്കിൽ അടിയൊഴുക്ക് രണ്ട് നോട്സിൽ എത്തണം. അടിയൊഴുക്ക് കുറയണമെങ്കിൽ ശക്തമായ മഴ മാറിനിൽക്കേണ്ടതുണ്ട്. ട്രക്ക് 30 അടി താഴ്ചയിലാണെന്നാണ് നിഗമനം. സാഹചര്യം അനുകൂലമായാൽ മാത്രമേ ഡൈവർമാർക്ക് രക്ഷാദൗത്യം നടത്താനാകൂ എന്നും കാർവാർ എംഎൽഎ അറിയിച്ചു. നാവികസേനയുടെ കൂടുതൽ ബോട്ടുകൾ ഗംഗാവലി പുഴയിൽ പരിശോധന നടത്തുന്നുണ്ട്.