55 വർഷത്തിന് ശേഷം കണ്ടെത്തിയ ‘എം.വി. നൂംഗ’: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ വലിയ സമുദ്ര ദുരന്തം

Anjana

MV Noongah shipwreck Australia

ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര തിരച്ചിലിന് കാരണമായ, 21 പേരുടെ മരണത്തിനിടയാക്കിയ കപ്പൽ 55 വർഷത്തിന് ശേഷം കണ്ടെത്തിയിരിക്കുകയാണ്. 1969 ആഗസ്റ്റ് 25-ന് ന്യൂ സൗത്ത് വെയ്ൽസ് തീരത്ത് നിന്ന് ഇരുമ്പ് കയറ്റി യാത്ര തുടരുന്നതിനിടെ കൊടുങ്കാറ്റിൽ അകപ്പെട്ട് മുങ്ങിയ ‘എം.വി. നൂംഗ’ എന്ന ജലയാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

കപ്പൽ മുങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ അഞ്ചുപേരെ രക്ഷപ്പെടുത്താനായെങ്കിലും 21 പേരുടെ ജീവൻ നഷ്ടമായി. റോയൽ ഓസ്ട്രേലിയൻ നേവി ഡിസ്ട്രോയറുകൾ, മൈൻ സ്വീപ്പറുകൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് വൻ തിരച്ചിൽ നടത്തിയെങ്കിലും ഒരാളുടെ മൃതദേഹം മാത്രമേ വീണ്ടെടുക്കാനായുള്ളൂ. അന്ന് മുതൽ കപ്പലിനോടൊപ്പം ബാക്കി ജീവനുകൾക്ക് എന്തുപറ്റിയെന്ന കാര്യം ദുരൂഹമായി തുടരുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിഡ്നിയിൽ നിന്ന് ഏകദേശം 460km വടക്ക് മാറി കടലിന്റെ അടിത്തട്ടിൽ കപ്പൽ കണ്ടെത്തിയിരിക്കുകയാണ്. ഉയർന്ന റെസല്യൂഷൻ സീഫ്ളോർ മാപ്പിംഗും വീഡിയോ ഫൂട്ടേജും ഉപയോഗിച്ച് ഓസ്ട്രേലിയയുടെ സയൻസ് ഏജൻസി കപ്പൽ അവശിഷ്ടത്തിന്റെ സ്ഥാനം ഉറപ്പിച്ചു. ഭൂരിഭാഗവും കേടുപാടുകൾ കൂടാതെ, ഉപരിതലത്തിൽ നിന്ന് 170 മീറ്റർ താഴെ സമുദ്രത്തിന്റെ അടിത്തട്ടിൽ നിവർന്നുകിടക്കുന്ന കപ്പൽ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കപ്പൽ അപകടത്തിൽപ്പെട്ടതിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്താൻ പദ്ധതിയിടുന്നുണ്ട്.