മഹാരാഷ്ട്രയിൽ കനത്ത മഴയിൽ നാല് പേർ മരിച്ചു; വിവിധ സംസ്ഥാനങ്ങളിൽ ദുരിതം

Anjana

Maharashtra heavy rains

മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്ന് നാല് പേർ മരിച്ചതായി റിപ്പോർട്ട്. നദികളും തടാകങ്ങളും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മുത നദിയിലെ പാലത്തിന് സമീപം കടയിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനിടെ മൂന്ന് യുവാക്കൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ബദരിനാഥ് ദേശീയപാതയിലും റായ്ഗഡ്-പൂനെ റോഡിലും മണ്ണിടിച്ചിൽ മൂലം ഗതാഗതം സ്തംഭിച്ചു.

മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവപ്പെടുന്നത്. താനെ, പൽഘാർ, റായ്ഗാഡ് ജില്ലകളിലെ സ്കൂളുകൾക്ക് മഹാരാഷ്ട്ര സർക്കാർ അവധി പ്രഖ്യാപിച്ചു. മുംബൈയിൽ മൂന്ന് തടാകങ്ങൾ കരകവിഞ്ഞതായി റിപ്പോർട്ടുണ്ട്. മുംബൈയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുജറാത്തിൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിച്ചു. വത്സദ് ജില്ലയിലെ കാശ്മീർ നഗർ എന്ന ജനവാസ മേഖലയിൽ നിന്ന് മാത്രം 150 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.