സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. റിപ്പോർട്ട് പുറത്തുവിടാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് കോടതിയുടെ നടപടി. സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗ സമിതി 2017-ൽ നിയോഗിക്കപ്പെട്ടു. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ എടുക്കുകയോ ചെയ്തിട്ടില്ല. ഡബ്ല്യൂ.സി.സി അംഗങ്ങൾ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായില്ല.
ലൈംഗികാതിക്രമം, പ്രതിഫലത്തിലെ ആൺ-പെൺ വിവേചനം തുടങ്ങി സിനിമാമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. സുതാര്യതയോടു കൂടി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പുറത്തു വരുന്നത് ഉപയോഗപ്രദമായ പരിഹാര നടപടികൾ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതിനും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ, തെറ്റു ചെയ്ത വ്യക്തികളുടെ പേര് പുറത്ത് വിടില്ല എന്ന തീരുമാനത്തിൽ സിനിമാമേഖലയിലെ തന്നെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുകളുയരുന്നുണ്ട്.