കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ തെരച്ചിൽ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരം ഗോവയിൽ നിന്ന് കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തുമെന്ന് അധികൃതർ അറിയിച്ചു. കാർവാർ മേഖലയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം വൈകിട്ട് അഞ്ച് മണിയോടെ ആദ്യഘട്ട ഏരിയൽ സർവേ നടത്തും.
കാണാതായ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആഴത്തിൽ തെരച്ചിൽ നടത്താൻ ബെലഗാവിയിൽ നിന്ന് ബൂം ക്രെയിൻ ഷിരൂരിലെത്തിച്ചു. ഈ കൂറ്റൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നദിയിൽ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കും. കരയിൽ നിന്ന് ബൂം യന്ത്രം ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്താനും സാധിക്കും.
സോണാർ സിഗ്നലിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് കര, നാവിക സേനകളുടെ ഇന്നത്തെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് ഈ സ്ഥലം. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്ന് സൈന്യം കരുതുന്നു. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നൽ കിട്ടിയിരുന്നു.