പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, ആദ്യ വിസിൽ ഫുട്ബോളിലാണ് മുഴങ്ങുക. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന് മൊറോക്കോയെ നേരിടും. സെന്റ് ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറരയ്ക്കാണ് മത്സരം നടക്കുക.
യൂറോ ചാമ്പ്യൻമാരായ സ്പെയ്നിന് ഉസ്ബെകിസ്ഥാനാണ് എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാക്കളായ സ്പെയ്ൻ, ആതിഥേയരായ ഫ്രാൻസ് എന്നിവർ യഥാക്രമം ഉസ്ബെകിസ്ഥാനെയും അമേരിക്കയെയും നേരിടും. ഫ്രാൻസിലെ ഏഴ് വേദികളിലായി പുരുഷ–-വനിതാ മത്സരങ്ങൾ നടക്കും. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ് മത്സരിക്കുന്നത്. അണ്ടർ 23 കളിക്കാരാണ് അണിനിരക്കുക, എന്നാൽ ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ ഉൾപ്പെടുത്താം.
നാലുവീതം ഗ്രൂപ്പുകളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടറിലേക്ക് കടക്കും. ഓഗസ്റ്റ് ഒൻപതിനാണ് ഫൈനൽ നടക്കുക. നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന് ഈ വർഷത്തെ ഒളിമ്പിക്സിന് യോഗ്യത നേടാനായില്ല എന്നതും ശ്രദ്ധേയമാണ്.