ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയ അഞ്ച് പ്രധാന ബജറ്റുകളെക്കുറിച്ചും അവ അവതരിപ്പിച്ച ധനമന്ത്രിമാരെക്കുറിച്ചും അറിയാം. ഒരു രാജ്യത്തിന്റെ വികസനത്തെ അടയാളപ്പെടുത്തുന്ന ബജറ്റ് എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്നു. മൊട്ടുസൂചി മുതൽ കപ്പൽ നിർമ്മാണം വരെ അതിൽപ്പെടുമെന്നതിനാൽ ധനമന്ത്രിമാർക്ക് വലിയ ഉത്തരവാദിത്വമുണ്ട്. രാജ്യത്തിന്റെ സമഗ്ര വികസനത്തിനും ഉന്നമനത്തിനും വേണ്ടിയാണ് ഓരോ ബജറ്റും അവതരിപ്പിക്കുന്നത്.
1957-58 കാലഘട്ടത്തിൽ ടി.ടി കൃഷ്ണമാചാരി അവതരിപ്പിച്ച ബജറ്റിൽ വെൽത്ത് ടാക്സ് ഉൾപ്പെടെയുള്ള വിപ്ലവകരമായ പരിഷ്കാരങ്ങൾ ഉണ്ടായിരുന്നു. വ്യക്തിഗത ആസ്തികളുടെ മൊത്തം മൂല്യത്തിൽ നികുതി ചുമത്തിയത് ഇന്ത്യയുടെ നികുതി നയത്തിൽ കാര്യമായ മാറ്റം വരുത്തി. 1991-92 ൽ മൻമോഹൻ സിംഗ് അവതരിപ്പിച്ച ബജറ്റ് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. കസ്റ്റംസ് തീരുവ കുറച്ചതും ‘ലൈസൻസ് രാജ്’ അവസാനിപ്പിച്ചതും വിദേശ നിക്ഷേപം ആകർഷിക്കാൻ സഹായിച്ചു.
1997-98 ൽ പി. ചിദംബരം അവതരിപ്പിച്ച ‘ഡ്രീം ബജറ്റ്’ വ്യക്തിഗത ആദായ നികുതിയും കോർപ്പറേറ്റ് നികുതിയും കുറച്ചു. 2000-2001 ൽ യശ്വന്ത് സിൻഹ അവതരിപ്പിച്ച ബജറ്റ് കമ്പ്യൂട്ടറുകളുൾപ്പെടെ 21 ഇനങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ച് ഐടി മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. 2017-18 ൽ അരുൺ ജയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിൽ 92 വർഷത്തിന് ശേഷം കേന്ദ്ര ബജറ്റും റെയിൽവെ ബജറ്റും ഒരുമിച്ച് അവതരിപ്പിച്ചു. ഇത്തരം ബജറ്റുകൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.