കർണാടക ഷിരൂർ അപകടം: സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭ്യമായി, തിരച്ചിൽ തുടരുന്നു

Anjana

കർണാടക ഷിരൂരിലെ അപകടത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചതനുസരിച്ച്, ഐഎസ്ആർഒ സാറ്റലൈറ്റ് ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്. എന്നാൽ കാർമേഘം മൂലം ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്നും അവർ വ്യക്തമാക്കി. അപകടത്തിനു ശേഷമുള്ള ഈ ദൃശ്യങ്ങളിലെ സൂചനകൾ ഉപയോഗിച്ചാകും ഇനിയുള്ള തിരച്ചിൽ നടത്തുക. കരസേനയും നാവികസേനയും സംയുക്തമായി തിരച്ചിലിന് നേതൃത്വം നൽകുമെന്നും ഹൈ വിസിബിലിറ്റി സോണാർ സംവിധാനം എത്തിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിൽ ലോറി കണ്ടെത്താനാകാത്തതിനാൽ, ഇന്നത്തെ തിരച്ചിൽ ഗംഗാവലി പുഴയിൽ കേന്ദ്രീകരിക്കും. ഇന്നലെ നടത്തിയ തിരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞുവീണ മണ്ണിനൊപ്പം ഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. നാവികസേനയ്ക്കും എൻഡിആർഎഫിനും പുറമേ കരസേനയും പുഴയിലെ പരിശോധനയിൽ പങ്കെടുക്കും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം നടത്തുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനിടെ, കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ ഗംഗാവാലി പുഴയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. അർജുൻ ഉൾപ്പെടെ നാലു പേരെയാണ് അപകടത്തിൽ കാണാതായത്. മൃതദേഹം ലഭിച്ചത് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കണ്ടെത്തിയ മൃതദേഹം കാണാതായവരിൽ ഒരാളായ സന്നി ഗൗഡയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയതായും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശം മാർക്ക് ചെയ്താണ് ഇപ്പോൾ സംഘം പരിശോധന നടത്തുന്നത്.