കർണാടക ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്, ഗംഗാവലി പുഴയിൽ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം

Anjana

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിൽ ലോറി കണ്ടെത്താൻ കഴിയാത്തതിനാൽ, ഇന്നത്തെ തിരച്ചിൽ ഗംഗാവലി പുഴയിൽ കേന്ദ്രീകരിക്കും. ഇന്നലെ നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്ന് 40 മീറ്റർ അകലെ സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞുവീണ മണ്ണിനൊപ്പം ഗംഗാവലി നദിയിലേക്ക് പതിച്ചിരിക്കാമെന്ന സംശയത്തിലാണ് സൈന്യം.

നാവികസേനയ്ക്കും എൻഡിആർഎഫിനും പുറമേ കരസേനയും പുഴയിലെ പരിശോധനയിൽ പങ്കെടുക്കും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ധരും ദൗത്യത്തിൽ പങ്കെടുക്കും. അതേസമയം, പുഴയോരത്ത് മണ്ണ് നീക്കം ചെയ്തും സമാന്തരമായി പരിശോധന തുടരും. നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ ലഭിച്ചതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. സിഗ്നൽ ലഭിച്ച പ്രദേശം അടയാളപ്പെടുത്തിയാണ് ഇപ്പോൾ സംഘം പരിശോധന നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അർജുന്റെ ലോറി റോഡരികിൽ നിർത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. എന്നാൽ, ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞുപോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. പുഴയിലെ പരിശോധനയ്ക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.