ഷിരൂർ മണ്ണിടിച്ചിൽ: സൈന്യത്തിന്റെ തിരച്ചിലിൽ അതൃപ്തി പ്രകടിപ്പിച്ച് അർജുന്റെ കുടുംബം

Anjana

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിന്റെ തിരച്ചിലിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് അർജുന്റെ കുടുംബം. സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാൽ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് അവർ എത്തിയതെന്നും അർജുന്റെ അമ്മ ഷീല പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ ഈ അവസ്ഥയിൽ തങ്ങൾക്ക് വലിയ വിഷമമുണ്ടെന്നും, വാഹനം അവിടെ ഇല്ലെന്ന് തെളിയിക്കേണ്ടത് ചിലരുടെ പ്രസ്റ്റീജ് ഇഷ്യൂ ആണോ എന്ന് സംശയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അഫ്ഗാനിൽ ജീവിക്കുന്നതുപോലെയാണ് തോന്നുന്നതെന്നും, ഈ സംസ്ഥാനം ഇന്ത്യയിൽ തന്നെയാണോ എന്ന് സംശയിക്കുന്നതായും അമ്മ വ്യക്തമാക്കി. മകനെ ഇനി ജീവനോടെ കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായും, സഹനത്തിന്റെ പരമാവധിയിൽ എത്തിയിരിക്കുകയാണെന്നും അവർ പറഞ്ഞു. വീഴാൻ സാധ്യതയുള്ള കുഴിയിൽ തിരയാതെ അവിടെ മണ്ണ് കൊണ്ടുപോയതായും അമ്മ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തങ്ങളുടെ ആളുകളെ സംഭവസ്ഥലത്തേക്ക് കടത്തിവിടുന്നില്ലെന്നും, പട്ടാളത്തെ വരുത്തിയത് വെറും കോമാളിത്തരമാണെന്നും അമ്മ കുറ്റപ്പെടുത്തി. മലയാളികൾ ആയതുകൊണ്ട് മാത്രമാണ് എല്ലാ ശ്രദ്ധയും പിന്തുണയും ലഭിച്ചതെന്നും, തമിഴരായ മൂന്നുപേരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കരയിൽ നിന്ന് ലോറി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അമ്മ ഈ പ്രതികരണവുമായി രംഗത്തെത്തിയത്.