2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറിയതായി അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഈ തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്. പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് ഈ നീക്കമെന്ന് ബൈഡൻ വ്യക്തമാക്കി.
പിന്മാറ്റത്തിന് പിന്നാലെ, ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചു. ചിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് ബൈഡന്റെ അപ്രതീക്ഷിത പിന്മാറ്റം വന്നിരിക്കുന്നത്.
ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ആശങ്കകൾ ഉയർന്നിരുന്നു. എതിർ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ തിരിച്ചടിയേറ്റത് മുതൽ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പിന്മാറ്റ തീരുമാനം വന്നിരിക്കുന്നത്.