ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്, സൈന്യം പ്രത്യേക റഡാർ സംവിധാനവുമായി എത്തുന്നു

Anjana

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. റഡാർ സിഗ്നലുകൾ ലഭിച്ച സ്ഥലങ്ങളിൽ മണ്ണ് നീക്കം ചെയ്ത് നടത്തിയ പരിശോധനയിൽ ലോറിയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ഇന്ന് സൈന്യം 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന പ്രത്യേക റഡാർ സംവിധാനം കൊണ്ടുവരും. മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ പ്രദേശങ്ങളിലേക്ക് റഡാറിന്റെ സഹായത്തോടെ തിരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം.

ലോറി പുഴയിലേക്ക് പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്കൂബ സംഘവും ഗംഗാവലി പുഴയിൽ ഇന്നും തിരച്ചിൽ തുടരും. ഷിരൂരിലെ രക്ഷാദൗത്യത്തിന് ഇന്നലെയാണ് സൈന്യമെത്തിയത്. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക ഉപകരണങ്ങളുമായി ഷിരൂരിലെത്തിയത്. ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ പുഴയിലെ പരിശോധന അതിസങ്കീർണ്ണമാണെന്ന് പറഞ്ഞു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണതെന്നും പുഴയ്ക്ക് അടിയിൽ വലിയ തോതിൽ മണ്ണ് വീണുകിടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. ഇപ്പോൾ കൂടുതൽ സമഗ്രമായ തിരച്ചിലിനാണ് അധികൃതർ ഒരുങ്ങുന്നത്.