കർണാടകയിലെ ഷിരൂരിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിന് സൈന്യം എത്താൻ വൈകുമെന്ന് റിപ്പോർട്ട്. ബെലഗാവിൽ നിന്നുള്ള 40 അംഗ സൈനിക സംഘം ഉച്ചയ്ക്ക് 2 മണിക്കാണ് ഷിരൂരിൽ എത്തുക. നേരത്തെ 11 മണിക്ക് സൈന്യം എത്തുമെന്നായിരുന്നു സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നത്. കർണാടക സർക്കാർ ഔദ്യോഗികമായി സൈനിക സഹായം തേടിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉൾപ്പെടെയാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റർ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം റഡാറിൽ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തിരച്ചിലും ആരംഭിക്കും.
ഷിരൂരിൽ കൂടുതൽ നാവിക സേനാ സംഘം എത്തിയിട്ടുണ്ട്. കോഴിക്കോട് എംപി എം.കെ. രാഘവൻ കാർവാറിലെത്തി, 12 മണിയോടെ റോഡ് മാർഗം ഷിരൂരിലെത്തും. എന്നാൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് അർജുന്റെ സഹോദരിയുടെ ഭർത്താവ് ആരോപിച്ചു. കർണാടക സർക്കാർ ജീവന് വിലകൽപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.