കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാളെ സൈന്യം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എം.കെ രാഘവൻ എം.പിയെ അറിയിച്ചു. അർജുന്റെ കുടുംബം സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. അർജുന്റെ സഹോദരി ഇന്ത്യൻ സൈന്യത്തിലാണ് ഇനി വിശ്വാസമെന്ന് പ്രതികരിച്ചു.
അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് നടന്നത്. സൂറത്കൽ എൻ ഐ ടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തിയത്. നേരത്തെ റഡാറിൽ 3 സിഗ്നലുകൾ ലഭിച്ചിരുന്നെങ്കിലും അവയ്ക്ക് വ്യക്തതയില്ലായിരുന്നു. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ സിഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു.
കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്നും സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എൻ ഡി ആർ എഫ് സംഘം അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി പ്രതികരിച്ചു. എന്നാൽ പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.