കർണാടകയിലെ അങ്കോലയിൽ സംഭവിച്ച ദുരന്തസ്ഥലത്ത് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി എത്തിച്ചേർന്നു. രക്ഷാപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്നും ദൗത്യത്തിൽ യാതൊരു വീഴ്ചയുമില്ലെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തേക്ക് എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്നാൽ, അർജുന്റെ കുടുംബം സൈന്യത്തിന്റെ സഹായം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ സഹായം നൽകുമെന്നും കുമാരസ്വാമി അറിയിച്ചു. നേരത്തെ മൂന്നിടത്തുനിന്ന് റഡാറിൽ സിഗ്നൽ ലഭിച്ചിരുന്നെങ്കിലും, അത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
രക്ഷാപ്രവർത്തനം തുടരുകയാണ്. എട്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഒരേസമയം പ്രവർത്തിക്കുന്നുണ്ട്. അർജുൻ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. അങ്കോലയിൽ റെഡ് അലേർട്ട് നൽകിയിരിക്കുകയാണ്. മഴ പെയ്യുന്നതും മണ്ണിടിച്ചിൽ സ്ഥലത്തുനിന്ന് വെള്ളം കുത്തിയൊലിക്കുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. എഴുപതിലധികം പേർ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.