ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില് ആം ആദ്മി പാര്ട്ടിയുടെ ഔദ്യോഗിക പ്രചാരണത്തിന് ഇന്ന് തുടക്കമാകുന്നു. അരവിന്ദ് കേജ്രിവാള് ജയിലില് കഴിയുന്ന സാഹചര്യത്തില് അദ്ദേഹത്തിന്റെ ഭാര്യ സുനിത കേജ്രിവാളാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. പഞ്ച്കുളയിലെ ടൗണ്ഹാള് യോഗത്തില് കേജ്രിവാള് കി ഗ്യാരന്റി പ്രഖ്യാപനം നടത്തുമെന്ന് പാര്ട്ടി അറിയിച്ചു.
ഹരിയാനയിലെ 90 സീറ്റിലും മത്സരിക്കാനാണ് ആം ആദ്മി പാര്ട്ടിയുടെ നീക്കം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, രാജ്യസഭാ എംപിമാരായ സഞ്ജയ് സിംഗ്, സന്ദീപ് പതക് എന്നിവരും ഇന്നത്തെ പ്രചാരണ പരിപാടിയില് പങ്കെടുക്കുമെന്നാണ് റിപ്പോര്ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച മോദി കാ ഗ്യാരന്റി എന്ന പ്രചാരണ തന്ത്രത്തിന് ബദലായാണ് കെജ്രിവാള് കാ ഗ്യാരന്റിയുമായി ആം ആദ്മി പാര്ട്ടി കളം നിറയുന്നത്.
അതേസമയം, ഖനന അഴിമതി കേസിലെ കള്ളപ്പണം ഇടപാടില് കോണ്ഗ്രസ് എംഎല്എ സുരേന്ദ്ര പന്വറിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സോനിപത്തില് നിന്ന് അറസ്റ്റ് ചെയ്ത എംഎല്എയെ ഇഡി അംബാലയില് എത്തിച്ച് ചോദ്യം ചെയ്യല് നടപടികള് ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.