ഉത്തര്പ്രദേശിലെ ഗോണ്ടയില് ഛണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തില് നാല് പേര് മരിക്കുകയും 31 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി റെയില്വേ അറിയിച്ചു. പരിക്കേറ്റവരില് ആറ് പേരുടെ നില ഗുരുതരമാണ്. അപകടം നടന്ന പ്രദേശത്തെ റെയില്വേ ട്രാക്കുകള് പുനസ്ഥാപിച്ചതായും ഈ റൂട്ടിലൂടെയുള്ള ഗതാഗതം ഉടന് പുനരാരംഭിക്കുമെന്നും റെയില്വേ വ്യക്തമാക്കി.
അപകടത്തിന്റെ കാരണം കണ്ടെത്താനായി പോലീസും ഉന്നത റെയില്വേ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തി. ലോക്കോ പൈലറ്റ് ത്രിഭുവന് അപകടത്തിനു മുന്പ് പൊട്ടിത്തെറി ഉണ്ടായതായി മൊഴി നല്കിയിരുന്നു. എന്നാല് റെയില്വേ ട്രാക്കിലും പരിസരത്തും നടത്തിയ പരിശോധനയില് പൊട്ടിത്തെറിക്ക് തെളിവുകള് കണ്ടെത്താനായില്ല.
ഗോണ്ട ട്രെയിന് അപകടത്തില് അട്ടിമറി ഉണ്ടായെന്ന റിപ്പോര്ട്ടുകള് ഉത്തര്പ്രദേശ് പോലീസ് നിഷേധിച്ചു. പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്ന് ഡി ജി പി പ്രശാന്ത് കുമാര് വ്യക്തമാക്കി. അപകടത്തിന്റെ യഥാര്ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. റെയില്വേ അധികൃതര് സുരക്ഷാ നടപടികള് ശക്തമാക്കിയിട്ടുണ്ട്.