അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പിന്തുണ നഷ്ടപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ബൈഡൻ തന്റെ തെരഞ്ഞെടുപ്പ് മത്സരത്തിലെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഒബാമ സഖ്യകക്ഷികളോട് പറഞ്ഞതായി അറിയുന്നു.
ബൈഡന്റെ വിജയസാധ്യത കുറയുന്നതായും സ്ഥാനാർത്ഥിത്വത്തിന്റെ സാധുത ഗൗരവമായി പരിശോധിക്കണമെന്നും ഒബാമ അഭിപ്രായപ്പെട്ടതായി സൂചനകളുണ്ട്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ ബൈഡന്റെ പ്രകടനം മോശമായിരുന്നെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒബാമയും ബൈഡനെ കൈയൊഴിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എതിർപ്പുകൾ ഉയരുകയാണ്. 81 വയസ്സുള്ള ബൈഡന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിട്ടും, മത്സരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. നിലവിൽ കോവിഡ് ബാധിതനായ ബൈഡൻ ക്വാറന്റീനിൽ കഴിയുകയാണ്. ഈ സാഹചര്യങ്ങൾ ബൈഡന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.