കർണാടകയിലെ അങ്കോളയിൽ സംഭവിച്ച മണ്ണിടിച്ചിലിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നൽകി. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. കൂടാതെ, അപകടത്തിൽപ്പെട്ടവരുടെ ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി.
കോഴിക്കോട് സ്വദേശിയായ അർജുൻ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. അർജുൻ ഓടിച്ച ലോറി മണ്ണിനടിയിൽപ്പെട്ടതായി സംശയിക്കുന്നു. തുടർച്ചയായി അർജുനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും എടുക്കുന്നില്ല. അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
നിരവധി വാഹനങ്ങൾ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികൾ നിർത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായത്. ആദ്യം രണ്ട് വാഹനങ്ങൾ മാത്രമേ മണ്ണിടിച്ചിലിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്നാണ് അധികൃതർ കരുതിയത്. എന്നാൽ അപകടത്തെ അതിജീവിച്ച ഒരു യുവാവിന്റെ സംശയത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ നാലു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്ക നിലനിൽക്കുന്നു.