ബിഹാറിൽ വീണ്ടും പാലം തകർന്നു വീണതോടെ ഒരു മാസത്തിനിടെ തകരുന്ന പതിനഞ്ചാമത്തെ പാലമായി ഇത് മാറി. നദിയിലെ ജലനിരപ്പ് ഉയർന്നതാണ് പാലം തകരാൻ കാരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കനത്ത മഴയാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
ജൂൺ മാസത്തിൽ മാത്രം നാല് പാലങ്ങൾ തകർന്നു വീണിരുന്നു. ജൂൺ 29 ന് മധുബനി ഗ്രാമത്തിൽ 75 മീറ്റർ നീളമുള്ള പണി പൂർത്തിയാകാത്ത പാലം തകർന്നു. ജൂൺ 23 ന് കൃഷൻഗഞ്ചിലും, ജൂൺ 22 ന് ഗണ്ടക് കനാലിന് മുകളിലും, ജൂൺ 19 ന് അരാരിയയിലും പാലങ്ങൾ തകർന്നു വീണു.
ഈ സംഭവങ്ങളെ തുടർന്ന് സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കൺസ്ട്രക്ഷനിലെ പ്രശ്നങ്ങളാണ് കാരണമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും, ഭരണത്തിലെ പോരായ്മകളാണ് യഥാർത്ഥ കാരണമെന്ന് സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പണം ശരിയായി വിനിയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്ന് പലരും അഭിപ്രായപ്പെടുന്നു.