കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ കനത്ത മഴയെത്തുടർന്ന് വ്യാപക നാശനഷ്ടം സംഭവിച്ചു. റോഡുകൾ തകർന്നതോടെ ഗതാഗതം സ്തംഭിച്ചു. കൊട്ടാരം-പെരിയത്ത് പ്രദേശത്ത് ഒരു കാർ വെള്ളത്തിൽ മുങ്ങിപ്പോയെങ്കിലും യാത്രക്കാർ നീന്തി രക്ഷപ്പെട്ടു. സമീപത്തെ കുടുംബത്തെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.
കൃഷിയിടങ്ങളിലും വീടുകളിലും വ്യാപക നാശനഷ്ടമുണ്ടായി. 200-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി വീടുകളിലേക്കുള്ള റോഡുകളിൽ വെള്ളം കയറി. വീടുകളിലേക്കും വെള്ളം കയറുന്ന സാഹചര്യമുണ്ടായി. നായിക്കാലി, പാണലാട് മേഖലകളിൽ വാഴ, പച്ചക്കറി, മരച്ചീനി എന്നീ കൃഷികൾ വെള്ളം കയറി നശിച്ചു.
നായിക്കാലിയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റോഡ് നിർമാണം നടക്കുന്ന ഭാഗം പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേത്തുടർന്ന് ഇതുവഴി ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. പാണലാട്-ആയിപ്പുഴ-ഇരിക്കൂർ റോഡിൽ പാറക്കണ്ടിതാഴെയിലും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.