അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ലാസ് വെഗാസിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് നേരത്തെ പ്രഖ്യാപിച്ച എല്ലാ പ്രചാരണ പരിപാടികളും റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
ബൈഡന്റെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനായി പാക്സ്ലോവിഡിന്റെ ആദ്യ ഡോസ് നൽകിയതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഐസൊലേഷനിൽ ഇരുന്ന് ഔദ്യോഗിക ചുമതല വഹിക്കുമെന്ന് ബൈഡൻ അറിയിച്ചു. അതേസമയം, രോഗ സൗഖ്യം നേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരി ലോകത്തെ വലിയ തോതിൽ ബാധിച്ചിരുന്നു. ആഗോള ആയുർദൈർഘ്യത്തിൽ രണ്ട് വർഷം കുറവ് വന്നതായി ലോകാരോഗ്യ സംഘടന നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മനുഷ്യായുസിന് വില്ലനായത് കൊവിഡ് മഹാമാരിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചത് വീണ്ടും ആശങ്ക ഉയർത്തുന്നു.