മഹാരാഷ്ട്ര സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്ന് ‘ലഡ്ല ഭായ് യോജന’ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം യുവാക്കൾക്ക് പ്രതിമാസം 6,000 മുതൽ 10,000 രൂപ വരെ ധനസഹായം നൽകും. 12-ാം ക്ലാസ് പാസായവർക്ക് 6,000 രൂപ, ഡിപ്ലോമ വിദ്യാർഥികൾക്ക് 8,000 രൂപ, ബിരുദധാരികൾക്ക് 10,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ സഹായം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് ഷിൻഡെ സർക്കാർ ഈ നീക്കം നടത്തുന്നത്. സംസ്ഥാന ഭരണം നിലനിർത്താൻ ഖജനാവിൽ നിന്ന് പണമെറിഞ്ഞുള്ള തന്ത്രങ്ങളുടെ ഭാഗമാണിത്. നേരത്തെ ‘മാജി ലഡ്കി ബഹിൻ യോജന’ എന്ന പേരിൽ സ്ത്രീകൾക്കായി സമാനമായ ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു.
പന്ദർപുരിൽ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഷിൻഡെ പറഞ്ഞത്, ആൺകുട്ടികളെയും പെൺകുട്ടികളെയും സർക്കാർ വേർതിരിച്ചു കാണുന്നില്ലെന്നാണ്. ഈ പദ്ധതി പ്രകാരം യുവാക്കൾക്ക് ഫാക്ടറിയിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പിനും അവസരമുണ്ടാകും. ഇത്തരം പദ്ധതികളിലൂടെ സർക്കാർ യുവജനങ്ങളെ ആകർഷിക്കാനും അവരുടെ പിന്തുണ നേടാനും ശ്രമിക്കുന്നതായി വ്യക്തമാണ്.