ഇന്ത്യയിലെ കുറഞ്ഞ വേതനം: പാകിസ്താൻ, നൈജീരിയയേക്കാൾ താഴെയെന്ന് റിപ്പോർട്ട്

Anjana

ഇന്ത്യയിലെ ജനങ്ങളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം പാകിസ്താൻ, നൈജീരിയ തുടങ്ങിയ അവികസിത രാജ്യങ്ങളേക്കാൾ താഴെയാണെന്ന് വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ പ്രതിമാസ കുറഞ്ഞ വേതനം 45 ഡോളർ (3,760.61 രൂപ) മാത്രമാണ്. ഇത് നൈജീരിയയിലെ 76 ഡോളറിനേക്കാളും (6,351.25 രൂപ) പാകിസ്താനിലെ 114 ഡോളറിനേക്കാളും (9,526.88 രൂപ) വളരെ കുറവാണ്. ഇന്ത്യയ്ക്ക് പിന്നിൽ 28 ഡോളർ പ്രതിമാസ വരുമാനമുള്ള ശ്രീലങ്കയും കിർഗിസ്താനും മാത്രമാണുള്ളത്.

കോൺഗ്രസ് നേതാവ് പവൻ ഖേര ഈ റിപ്പോർട്ടിനെ ആധാരമാക്കി കേന്ദ്രസർക്കാരിന്റെ നയങ്ങളെ വിമർശിച്ചു. അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ, ജിഡിപി വളർച്ചയുടെ പേരിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം യാഥാർഥ്യത്തിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്തതിനും എതിരെ കോൺഗ്രസ് നേതൃത്വം ശക്തമായി പ്രതികരിക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഎസ് ആസ്ഥാനമായുള്ള സിറ്റിഗ്രൂപ്പിന്റെ റിപ്പോർട്ട് പ്രകാരം, ഏഴ് ശതമാനം ജിഡിപി വളർച്ചാനിരക്ക് ഉണ്ടായിട്ടും ഇന്ത്യയ്ക്ക് ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. രാജ്യത്ത് വർഷം 1.2 കോടി തൊഴിലവസരങ്ങൾ അധികമായി സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും എന്നാൽ ഇത് സാധിക്കുന്നില്ലെന്നുമാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം. എന്നാൽ, ഈ റിപ്പോർട്ടിനെ കേന്ദ്ര തൊഴിൽ മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്.