കർണാടക സംവരണ ബിൽ: സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

Anjana

കർണാടകയിലെ സംവരണ ബില്ലിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡിലീറ്റ് ചെയ്തു. വ്യവസായ സമൂഹത്തിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിന് പിന്നാലെയാണ് ഈ നടപടി. വ്യവസായ സംഘടനകളുമായി ചർച്ച ചെയ്ത ശേഷം മാത്രം ബിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സമവായമില്ലെങ്കിൽ ഈ നിയമസഭാ സമ്മേളനത്തിൽ ബില്ല് പരിഗണനയ്ക്ക് വരില്ല.

കർണാടകയിൽ സ്വകാര്യ തൊഴിൽ മേഖലയിൽ കന്നഡ സംവരണത്തിനാണ് മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയത്. 50 ശതമാനം മാനേജ്മെന്‍റ് പദവികളിലും 75 ശതമാനം നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് 100 ശതമാനം കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളൂവെന്നും നിലവിൽ മന്ത്രിസഭ അംഗീകരിച്ച ബില്ലിലുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബില്ലിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ വിശാലമായ കൂടിയാലോചനയും ചര്‍ച്ചകളും നടത്തുമെന്ന് കര്‍ണാടക ഐ.ടി. മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. തൊഴില്‍ വകുപ്പാണ് ഈ നിര്‍ദേശം കൊണ്ടുവന്നതെന്നും വ്യവസായ വകുപ്പുമായോ ഐ.ടി. വകുപ്പുമായോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ വിദഗ്ധരുമായും മറ്റ് വകുപ്പുകളുമായും ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.