സംഗീത സംവിധായകൻ രമേശ് നാരായണൻ പുരസ്കാര വിവാദത്തിൽ നടൻ ആസിഫ് അലിക്ക് നന്ദി പറഞ്ഞു. ആസിഫ് അലി തന്നെ മനഃപൂർവം അപമാനിച്ചതല്ലെന്ന് പ്രതികരിച്ചിരുന്നു. തന്നെ വിളിക്കുമ്പോൾ രമേശ് നാരായണന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും തനിക്ക് യാതൊരു വിഷമവുമില്ലെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.
വിഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയെന്ന് രമേശ് നാരായണൻ പറഞ്ഞു. ആസിഫ് അലിയോട് സംസാരിച്ചിരുന്നുവെന്നും സൈബർ ആക്രമണം ഒഴിവാക്കി തന്നാൽ ഒരുപാട് സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം വർഗീയമായി മാറരുതെന്നും രമേശ് നാരായണൻ പ്രതികരിച്ചു. എതിരെ നില്ക്കുന്നവന്റെ മനസ് ഒന്നറിയാന് ശ്രമിച്ചാല് തീരാവുന്ന പ്രശ്നമേയുള്ളൂവെന്ന് ആസിഫ് അലി പറഞ്ഞു.
തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നും ആസിഫ് അലി പ്രതികരിച്ചു. രമേശ് നാരായൺ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, എല്ലാവരുടെയും സ്നേഹം അനുഭവിക്കാൻ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.