ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി: യോഗി സർക്കാരിനെതിരെ ബിജെപിയിൽ അതൃപ്തി

Anjana

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നു. ബിജെപി എംഎൽസി ദേവേന്ദ്ര പ്രതാപ് സിംഗ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംസ്ഥാനത്തെ പെട്ടെന്നുണ്ടായ ഭരണവിരുദ്ധ വികാരത്തിന്റെ കാരണം ആരാഞ്ഞു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സർക്കാരിനേക്കാൾ സംഘടനയ്ക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 10 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാനുള്ള ഉന്നതതല യോഗത്തിന് മുന്നോടിയായി കേശവ് പ്രസാദ് മൗര്യയും സംസ്ഥാന അധ്യക്ഷൻ ഭുപേന്ദ്ര ചൗദരിയും ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. സഖ്യകക്ഷികൾ അടക്കം പരാജയപ്പെട്ട പല നേതാക്കളും സർക്കാർ നയങ്ങളാണ് തോൽവിക്ക് കാരണമെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ നടപ്പാക്കുമെന്ന സൂചനയാണ് ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയെ മാറ്റാൻ ഉടൻ ആലോചനയില്ലെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരും മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരെ കൂടുതൽ ബഹുമാനിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.