നടൻ ആസിഫ് അലിയെ വേദിയിൽ അപമാനിച്ച സംഭവത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രതികരണവുമായി രംഗത്തെത്തി. രമേശ് നാരായണന്റെ മാപ്പ് മനസ്സിൽ നിന്നു വന്നതാണെന്ന് തോന്നുന്നില്ലെന്നും ചെയ്തതു തെറ്റ് തന്നെയാണെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. വൈകി ക്ഷമ പറഞ്ഞിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
സിനിമയും സംഗീതവുമൊക്കെ ഒരേ മേഖലയിൽ നിൽക്കുന്നതാണെന്നും ആസിഫ് അലി ഇത്രയും സീനിയർ ആയിട്ടുള്ള ആർടിസ്റ്റ് ആണെന്നും ധ്യാൻ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ ചെയ്തു എന്നതാണ് ചർച്ച ചെയ്യേണ്ടതെന്നും വിവാദ സംഭവത്തിൽ ആസിഫ് അലിക്കൊപ്പമാണ് താനെന്നും ധ്യാൻ വ്യക്തമാക്കി.
പരിപാടിയുടെ സംഘാടനത്തിലും പാളിച്ച പറ്റിയതായി ധ്യാൻ അഭിപ്രായപ്പെട്ടു. ഇത്രയും സീനിയർ ആയുള്ള സംഗീത സംവിധായകന് മെമെന്റോ കൊടുക്കുമ്പോൾ വേദിയിലേക്ക് വിളിച്ചു തന്നെ നൽകണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേദിയിൽ ഇങ്ങനെ പെരുമാറാനേ പാടില്ലെന്നും ആദ്യം പറഞ്ഞത് പച്ചക്കള്ളമാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു. വാർത്തകൾ വന്നതിനു ശേഷമാണ് രമേശ് നാരായണൻ മാപ്പ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.