ഗുജറാത്തിൽ അപൂർവമായ ചാന്തിപുര വൈറസ് ബാധ മൂലം 8 പേർ മരിച്ചതായി റിപ്പോർട്ട്. ഒരാഴ്ചക്കിടെയാണ് മരണങ്ങൾ സംഭവിച്ചത്. മരിച്ചവരിൽ 6 പേർ കുട്ടികളാണ്. നിലവിൽ 15 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശിൽ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു. സബർകാന്ത ജില്ലയിലെ ഹിമത്നഗറിലെ സിവിൽ ആശുപത്രിയിൽ നാല് കുട്ടികളുടെ മരണത്തിന് കാരണം ചന്ദിപുര വൈറസാണെന്ന് ശിശുരോഗ വിദഗ്ധർ കണ്ടെത്തിയതോടെയാണ് ആശങ്ക ഉയർന്നത്. ഇവരുടെ രക്തസാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്കായി അയച്ചു.
വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകൾ എടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി വ്യക്തമാക്കി. ശക്തമായ പനി, മസ്തിഷ്കജ്വരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കൊതുകുകളും ഈച്ചകളുമാണ് രോഗം പരത്തുന്നത്. പ്രത്യേക ചികിത്സയില്ലെങ്കിലും, നേരത്തെയുള്ള കണ്ടെത്തൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, രോഗലക്ഷണ പരിചരണം എന്നിവയിലൂടെ മരണങ്ങൾ തടയാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.