തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മുങ്ងി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എം.പി. ശശി തരൂരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സിപിഐഎം ജില്ലാ സെക്രട്ടറിയും വർക്കല എം.എൽ.എയുമായ വി. ജോയ്. സംഭവത്തിൽ തിരുവനന്തപുരം എം.പി. തിരിഞ്ഞുനോക്കിയിട്ടില്ലെന്നും മുൻകാലങ്ങളിലും അദ്ദേഹം ആപൽക്കരമായ സാഹചര്യങ്ങളിൽ ഇതേ രീതി തുടർന്നിരുന്നുവെന്നും വി. ജോയ് ആരോപിച്ചു.
ജോയിയെ തിരഞ്ഞ മൂന്നു ദിവസങ്ങളിലും തിരുവനന്തപുരം എം.പി. സ്ഥലത്തെത്തിയില്ലെന്നും അന്വേഷിച്ചില്ലെന്നും വി. ജോയ് കുറ്റപ്പെടുത്തി. മൃതദേഹം കണ്ടെത്തിയശേഷവും മെഡിക്കൽ കോളേജിലോ കുടുംബത്തിന്റെ അടുത്തോ എം.പി. എത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബത്തിന് കേന്ദ്ര സഹായം ലഭ്യമാക്കാൻ എം.പി. മുൻകൈയെടുക്കേണ്ടതാണെന്നും എന്നാൽ ശശി തരൂർ അതിനു തയ്യാറല്ലെന്നും വി. ജോയ് വിമർശിച്ചു.
റെയിൽവേയുടെ നിലപാട് ബി.ജെ.പി.യുടേതിനു സമാനമാണെന്ന് വി. ജോയ് പറഞ്ഞു. റെയിൽവേയെ കുറ്റപ്പെടുത്താനാകാത്തതിനാലാണ് നഗരസഭയെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജോയിയുടെ മരണത്തിന് ഇന്ത്യൻ റെയിൽവേയാണ് ഉത്തരവാദിയെന്നും യാതൊരു മുൻകരുതലുമില്ലാതെ ഒരു പാവപ്പെട്ട തൊഴിലാളിയുടെ ജീവനെടുത്തുവെന്നും വി. ജോയ് കുറ്റപ്പെടുത്തി. റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.