വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് മാരിൻ അസൂർ മടങ്ങുന്നു; രണ്ടാമത്തെ ഫീഡർഷിപ്പ് 21ന് എത്തും

Anjana

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം സജീവമാകുന്നു. ആദ്യമായി എത്തിയ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ മടങ്ങിയതിന് പിന്നാലെ, തിങ്കളാഴ്ച ഉച്ചയ്ക്ക് മാരിൻ അസൂർ എന്ന ഫീഡർഷിപ്പ് തുറമുഖത്ത് അടുത്തു. ഇന്ന് ഈ കപ്പൽ ചരക്കുമായി മടങ്ങും. കൊളംബോയിൽ നിന്നെത്തിയ മാരിൻ അസൂർ മുംബൈ തുറമുഖത്തേക്കാണ് പോകുന്നത്.

രണ്ടാമത്തെ ഫീഡർഷിപ്പായ സീസ്പാൻ സാൻ്റോസ് 21ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേരും. ഹോങ് കോങ്ങിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കപ്പൽ, തുറമുഖത്ത് അവശേഷിക്കുന്ന കണ്ടെയ്നറുകൾ ഗുജറാത്ത്, കൊൽക്കത്ത, മംഗളൂർ തുടങ്ങിയ തുറമുഖങ്ങളിലേക്ക് എത്തിക്കും. സാൻ ഫെർണാണ്ടോ തുറമുഖത്ത് ഇറക്കിയ കണ്ടെയ്നറുകളിൽ ഒരു ഭാഗം മാരിൻ അസൂറിൽ ലോഡ് ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യ ഫീഡർ ഷിപ്പ് ചരക്കുകയറ്റി മടങ്ങുന്നതോടെ വിഴിഞ്ഞത്ത് ചരക്ക് നീക്കം പ്രാവർത്തികമാകും. 400 മീറ്റർ നീളമുള്ള മദർ ഷിപ്പുകൾ ഉൾപ്പെടെ ഉടൻ വിഴിഞ്ഞത്ത് ചരക്കുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുകയാണ്.