ആമയിഴഞ്ചാൻ തോട് ദുരന്തം: റെയിൽവേയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

Anjana

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവേയ്ക്കും ശുചീകരണം ഏൽപ്പിച്ച കമ്പനിക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രസ്താവിച്ചു. മരണത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേയ്ക്കാണെന്നും നഷ്ടപരിഹാരം നാളത്തെ ക്യാബിനറ്റിൽ ചർച്ചയാകുമെന്നും മന്ത്രി വ്യക്തമാക്കി.

റെയിൽവേയുടെ സഹകരണമില്ലായ്മയെ മന്ത്രി വിമർശിച്ചു. ഡിആർ എമ്മുമായി സംസാരിച്ചിട്ടും റെയിൽവേ നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും സംഭവത്തിന്റെ ഗൗരവം അവർക്ക് മനസ്സിലായിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ലേബർ കമ്മീഷണർക്ക് നഷ്ടപരിഹാരം സംബന്ധിച്ച് കത്ത് നൽകിയതായും പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടം നടന്നത് റെയിൽവേ ഭൂമിയിലാണെന്നും തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ജോയി ജോലി ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് തൊഴിലെടുത്തിരുന്നതെന്നും ഇക്കാര്യങ്ങൾ ലേബർ കമ്മീഷണർക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേഷൻ തകർക്കാൻ ചിലർ ശ്രമിക്കുന്നതായും മന്ത്രി ആരോപിച്ചു.