ആമയിഴഞ്ചാൻ ദുരന്തം: മാലിന്യപ്രശ്നത്തിൽ റെയിൽവേയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് ഡിവിഷണൽ മാനേജർ

Anjana

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മരണം ദുഖകരമായ സംഭവമാണെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് ധപ്ലിയാൽ പ്രതികരിച്ചു. എന്നാൽ, മാലിന്യപ്രശ്നത്തിൽ റെയിൽവേയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. തോട് കടന്നു പോകുന്നത് റെയിൽവേ ഭൂമിയിലൂടെയാണെങ്കിലും, ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യമല്ലെന്നും തോട്ടിൽ ഒഴുകിയെത്തിയ മാലിന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

റെയിൽവേയിലെ ഉന്നതഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തിയതായും, നഗരസഭയും ജില്ലാ ഭരണകൂടവുമായി ചേർന്ന് തുടർനടപടികൾ എടുക്കുമെന്നും ഡോ. ധപ്ലിയാൽ അറിയിച്ചു. റെയിൽവേ ഭൂമിയിലേക്ക് തോട് വരുന്ന സ്ഥലത്ത് മാലിന്യം തടയാൻ വേലി വെച്ചിട്ടുണ്ടെന്നും, സാങ്കേതികമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തഘട്ടം എന്താണെന്ന് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തോട് റെയിൽവേയ്ക്ക് അനുകൂല നിലപാടല്ല ഉള്ളത്. ജോയ് കരാർ തൊഴിലാളിയാണെന്നും, ചില നിയമങ്ങൾ ഉണ്ടെന്നും, അതിനനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂവെന്നും ഡോ. ധപ്ലിയാൽ വ്യക്തമാക്കി. ജോയിയുടെ അപകടവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനകൾ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.