തിരുവനന്തപുരം മെഡിക്കല് കോളജിലെ ലിഫ്റ്റില് രണ്ടുദിവസം കുടുങ്ങിക്കിടന്ന രവീന്ദ്രന് നായര് തന്റെ അതിജീവന കഥ പങ്കുവച്ചു. മരണം മുന്നില് കണ്ടെന്നും രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള് മരണക്കുറിപ്പ് എഴുതിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഓരോ മണിക്കൂറും ഒരു ദിവസമായി അനുഭവപ്പെട്ടതായും കര്ക്കിടകം അടുക്കുന്നതിനാല് മരിച്ച പൂര്വികരുടെ മുഖങ്ങള് തെളിഞ്ഞുവന്നതായും രവീന്ദ്രന് നായര് പറഞ്ഞു.
റേഞ്ച് ഇല്ലാത്തതിനാല് ആരെയും ബന്ധപ്പെടാന് സാധിക്കാതിരുന്നതായും അലാറം അടിച്ചിട്ടും ആരും വരാതിരുന്നതായും അദ്ദേഹം വിശദീകരിച്ചു. നിരാഹാര സമരത്തിന്റെ അനുഭവം മുതല്ക്കൂട്ടാക്കി കാത്തിരുന്നതായും ബാഗില് നിന്ന് പേപ്പറെടുത്ത് സംഭവങ്ങള് കുറിച്ചുവച്ചതായും രവീന്ദ്രന് നായര് പറഞ്ഞു. ഉറങ്ങാന് സാധിക്കാതെ വാതിലുകളില് തട്ടിയും തള്ളിയും പുറത്തിറങ്ങാന് ശ്രമിച്ചുകൊണ്ടേയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഈ സംഭവത്തിന്റെ പേരില് ആരോഗ്യമേഖലയെ ആകെ തള്ളിപ്പറയുന്നില്ലെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും രവീന്ദ്രന് നായര് വ്യക്തമാക്കി. മെഡിക്കല് കോളജിനെക്കുറിച്ച് മോശം ചിത്രമുണ്ടാകരുതെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. ലിഫ്റ്റ് പ്രവര്ത്തനത്തിന് കണ്ട്രോള് റൂം വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജിനോട് ആവശ്യപ്പെട്ടതായും രവീന്ദ്രന് നായര് പറഞ്ഞു.