മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്കുണ്ടായ ഭീതിദമായ വെടിവയ്പ്പ് അനുഭവം ആദ്യമായി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ, താൻ ജീവനോടെയിരിക്കേണ്ടതല്ലായിരുന്നെന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. യഥാർത്ഥമെന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത ഒരു അനുഭവത്തിലൂടെയാണ് താൻ കടന്നുപോയതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ അറിയിച്ചു. പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ വ്യക്തമാക്കി. അക്രമി തോമസ് ക്രൂക്ക്സ് പീറ്റ്ബർഗിലെ ഷൂട്ടിങ് ക്ലബ് അംഗമാണെന്നും, അമേരിക്കൻ വിപണിയിൽ ലഭ്യമായ എആർ സ്റ്റൈൽ 5.56 മില്ലിമീറ്റർ റൈഫിലാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ചു. ജെ ഡി വാൻസാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. നിലവിൽ ഒഹായോ സംസ്ഥാനത്തെ സെനറ്ററായ ജെ ഡി വാൻസിന്റെ പത്നി ഇന്ത്യൻ വംശജയായ ഉഷ ചിലുകുരി വാൻസ് ആണ്.