ആമയിഴഞ്ചാൻ ദുരന്തം: റെയിൽവേ അനുശോചനം രേഖപ്പെടുത്തി, വിമർശനങ്ങൾക്ക് മറുപടി നൽകി

Anjana

ആമയിഴഞ്ചാൻ തോട്ടിൽ കുടുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ വിയോഗത്തിൽ റെയിൽവേ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി റെയിൽവേ അറിയിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തോട് റെയിൽവേ പ്രതികരിച്ചിട്ടില്ല.

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ഉയർത്തിയ വിമർശനങ്ങൾക്ക് റെയിൽവേ മറുപടി നൽകി. റെയിൽവേയ്ക്ക് സ്വന്തമായി മാലിന്യനിർമ്മാർജന സംവിധാനമുണ്ടെന്നും ട്രെയിനിൽ എത്തുന്ന യാത്രക്കാർ ഉപേക്ഷിക്കുന്ന മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നുണ്ടെന്നും വിശദീകരിച്ചു. റെയിൽവേ മാലിന്യം കനാലിൽ തള്ളുന്നില്ലെന്നും മുൻവർഷങ്ങളിൽ പ്രദേശത്ത് വെള്ളം കയറുന്നത് തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതായും അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെയിൽവേ യാഡിൽ നിന്നും പുറത്തേക്ക് വെള്ളം പോകുന്ന ഭാഗത്ത് പ്രകൃതിദത്തമായ തടസ്സങ്ങളുണ്ടെന്നും ഇത് പ്രദേശത്ത് ചെളിയും മാലിന്യവും അടിഞ്ഞുകൂടാൻ കാരണമാകുന്നുവെന്നും റെയിൽവേ വ്യക്തമാക്കി. എല്ലാ കനാലുകളും അഴുക്കുചാലുകളും വൃത്തിയാക്കേണ്ടത് ജലസേചന വകുപ്പിന്റെ ചുമതലയാണെന്ന് റെയിൽവേ വാദിക്കുന്നു. മാലിന്യം എത്തുന്നത് തടയാൻ കനാലിനോട് ചേർന്ന് കൃത്യമായ വേലി കെട്ടുകയും സിസിടിവി സ്ഥാപിക്കുകയും വേണമെന്നും, നഗരത്തിൽ ഖരമാലിന്യം ശേഖരിക്കാൻ സ്ഥലം ഒരുക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടു.