ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ, 2025 വരെ താറാവുവളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടിവരുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഡൽഹിയിൽ പ്രസ്താവിച്ചു. കോഴിയ്ക്കും താറാവിനും ഓരോന്നിനും 200 രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 35 സ്പോട്ടുകൾ വളരെ നിർണായകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്, സഹമന്ത്രി ജോർജ്ജ് കുര്യൻ, സെക്രട്ടറി അൽക്ക ഉപാധ്യായ, ജോയിന്റ് സെക്രട്ടറി സരിത ചൗഹാൻ, മൃഗസംരക്ഷണ കമ്മീഷണർ ഡോ. അഭിജിത് മിത്ര എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ചിഞ്ചുറാണി ഈ പ്രസ്താവന നടത്തിയത്. നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടൻ പരമ്പരാഗത താറാവ് വളർത്തൽ സമ്പ്രദായം നിലനിർത്തുന്നതിന് പക്ഷിപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടുന്ന സാഹചര്യം ഉണ്ടെന്നും അതിനായി രോഗബാധിത പ്രദേശങ്ങളിലെ താറാവുകൾക്കും കോഴികൾക്കും കേന്ദ്രസർക്കാറിന്റെ അനുമതിയോടു കൂടി പ്രതിരോധ കുത്തിവെപ്പ് നൽകുവാനുള്ള അനുകൂല തീരുമാനം ഉണ്ടാകണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു.
കുട്ടനാടൻ തനത് താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ കുട്ടനാടൻ താറാവ് എന്ന ഒരു പുതിയ ജനുസ്സായി അംഗീകരിക്കുന്നതിന് കേരള വെറ്ററിനറി യൂണിവേഴ്സിറ്റി പഠനം നടത്തി കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടികൾ കുട്ടനാടൻ താറാവ് വളർത്തൽ മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.