തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരണമടഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ മാതാവിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ സി.കെ ഹരീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ജോയിയുടെ ഏക വരുമാനത്തിലായിരുന്നു മാതാവ് കഴിഞ്ഞിരുന്നതെന്നും അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു താമസമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. റെയിൽവേയിൽ നിന്ന് ജോയിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും പാറശ്ശാല എം.എൽ.എ ആവശ്യപ്പെട്ടു.
46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം സ്ഥിരീകരിച്ചു.
ജോയിയുടെ സംസ്കാരം ഇന്ന് മൂന്ന് മണിയോടെ നടക്കും. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മൃതദേഹം വീട്ടിലെത്തിക്കും. ജോയിയുടെ പുരയിടത്തിലായിരിക്കും സംസ്കാരം. ജോയിയുടെ മൃതദേഹം ബന്ധുവും ഒപ്പം ജോലി ചെയ്തിരുന്നവരും സ്ഥിരീകരിച്ചുവെന്ന് തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.