ഒഡിഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരങ്ങൾ 46 വർഷത്തിനു ശേഷം തുറന്നു. ബിജെപി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഈ നടപടി, ക്ഷേത്രത്തിലെ അമൂല്യ രത്നങ്ങളും ആഭരണങ്ങളും കണക്കെടുക്കണമെന്ന ഹൈക്കോടതി വിധിയുടെ കൂടി ഫലമാണ്. കേരളത്തിലെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമാനമാണെങ്കിലും, നിധി ശേഖരത്തിന്റെ അളവിൽ വ്യത്യാസമുണ്ട്.
ഒഡീഷ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ഭണ്ഡാരം തുറന്നുള്ള പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഇന്നലെ തുറന്ന ഒരു അറയിൽ നിന്ന് നാല് പെട്ടികളിലായി സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കൾ ക്ഷേത്രത്തിനുള്ളിലെ സ്ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. കാലപ്പഴക്കം മൂലം ചാവി ഉപയോഗിച്ച് അറകൾ തുറക്കാനാകാതെ വന്നതിനാൽ, പൂട്ട് പൊളിച്ചാണ് അവ തുറന്നത്.
രേഖകൾ പ്രകാരം രത്നഭണ്ഡാരത്തിൽ 454 സ്വർണ വസ്തുക്കളും (128.38 കിലോഗ്രാം) 293 വെള്ളി സാമഗ്രികളും (221.53 കിലോഗ്രാം) ഉണ്ടെന്നാണ് കണക്ക്. ക്ഷേത്രത്തിന്റെ പേരിൽ ബാങ്കിൽ 600 കോടിയോളം രൂപയുടെ നിക്ഷേപവും, 60,426 ഏക്കർ ഭൂമിയും ഉണ്ട്. ഭക്തർ സംഭാവന ചെയ്ത മൂന്നു കിലോയോളം സ്വർണം ദേശസാൽകൃത ബാങ്കിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കേരളത്തിലെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ 2011-ൽ നിലവറ തുറന്നപ്പോൾ 90000 കോടി രൂപ വിലമതിക്കുന്ന നിധി ശേഖരമാണ് കണ്ടെത്തിയത്. എന്നാൽ ബി നിലവറ തുറക്കാനുള്ള തീരുമാനം സുപ്രീം കോടതി ക്ഷേത്ര ഭരണ സമിതിക്ക് വിട്ടതോടെ, അവിടെയും അളവറ്റ നിധിശേഖരമുണ്ടെന്ന സംശയം നിലനിൽക്കുന്നു.