കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു

Anjana

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മന്ത്രിയായി നിയമിതനായ ശേഷം ആദ്യമായാണ് അദ്ദേഹം കോഴിക്കോട് ജില്ലയിലെത്തിയത്. രാവിലെ ഒമ്പത് മണിക്ക് മർകസിൽ എത്തിയ മന്ത്രി, അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കാന്തപുരവുമായി സൗഹൃദ സംഭാഷണം നടത്തുകയും ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

ന്യൂനപക്ഷ ജനത നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും കാന്തപുരം മന്ത്രിയോട് ആവശ്യപ്പെട്ടു. മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പിലെ അപാകതകൾ പരിഹരിക്കുന്നതിനും അലിഗഢ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിനും ഗ്രാൻഡ് മുഫ്‌തി ശ്രദ്ധ ക്ഷണിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമവും പുരോഗതിയും സർക്കാരിന്റെ ലക്ഷ്യമാണെന്നും ന്യൂനപക്ഷങ്ങൾക്ക് ആശങ്കകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ച പരിചയം വകുപ്പിന് ഗുണകരമാകട്ടെയെന്നും സമൂഹത്തിനായി നല്ല കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കട്ടെയെന്നും കാന്തപുരം ആശംസിച്ചു. കൂടിക്കാഴ്ചയിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ എന്നിവരും സന്നിഹിതരായിരുന്നു.