തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. ജോയിയെ കാണാതായ പ്രധാന ടണലിലും റോബോട്ടിനെ ഇറക്കാൻ നീക്കം നടക്കുന്നു.
ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിൻ്റെ സാങ്കേതിക സഹായമാണ് ഇതിനായി ഉപയോഗിക്കുന്നത്. സംഭവ സ്ഥലത്ത് കൊണ്ടുവന്ന റോബോട്ട് അടുത്ത പ്ലാറ്റ്ഫോമിലെ മാൻ ഹോളിലിറക്കും. ടണലിനുള്ളിൽ ക്യാമറ കടത്തിയുള്ള പരിശോധന സാധ്യമാകുമൊ എന്ന് പരിശോധിക്കുന്നുണ്ട്.
രണ്ട് ഓപ്പണിംഗുകളിൽ മഷീൻ ഇറക്കും. മാലിന്യം നീക്കം ചെയ്യുന്നതിന് പ്രഥമ പരിഗണന നൽകുകയാണ്. സ്കൂബ ടീം ഒഴികെയുള്ളവരുടെ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നുണ്ട്.
മാൻഹോളിൽ ഇറങ്ങി മാലിന്യം നിക്കിയാൽ ഒഴുക്ക് സുഗമമാകുമെന്നാണ് നിഗമനം. അമൃത എക്സ്പ്രസ് പ്ലാറ്റ്ഫോം വിട്ടതിനു ശേഷം മൂന്ന് നാല് ട്രാക്കുകൾ ബ്ലോക്ക് ചെയ്യും. മൂന്നാമത്തെ ട്രാക്കിലാണ് മെഷീൻ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നത്.
ഈ പരിശോധനയിലൂടെ ജോയിയെ കണ്ടെത്താനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്.
					
    
    
    
    
    
    
    
    
    
    









