തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിക്കായി തീവ്രമായ തെരച്ചിൽ നടക്കുകയാണ്. ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്ന് നടത്തുന്ന തെരച്ചിലിൽ, മാരായമുട്ടം സ്വദേശിയായ ജോയിയെ കാണാതായിട്ട് നാല് മണിക്കൂർ പിന്നിട്ടു. രാവിലെയുണ്ടായ ശക്തമായ മഴയിൽ തോട്ടിലെ അടിയൊഴുക്കിൽപ്പെട്ടാണ് ജോയ് കാണാതായത്. തോട്ടിലെ മാലിന്യക്കൂമ്പാരം രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നു.
മാലിന്യക്കൂമ്പാരത്തിനിടയിൽ ജോയ് കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാലിന്യം നീക്കം ചെയ്യാൻ ജെസിബി എത്തിക്കുമെന്നും, ടണലിലേക്ക് 25 മീറ്റർ വരെ ഇറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഇപ്പോൾ അത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. മാലിന്യം നീക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്, എന്നാൽ അടിഭാഗത്ത് കെട്ടിക്കിടക്കുന്ന മാലിന്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്റർ നീളമുണ്ട്. റെയിൽവേ സ്റ്റേഷന് കുറുകെ തോട് കടന്നുപോകുന്ന ഭാഗത്ത് ട്രാക്കിനടിയിലൂടെ പോകുന്ന ഇടുങ്ങിയ ടണൽ പോലുള്ള ഭാഗവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നു. അതേസമയം, കാണാതായ തൊഴിലാളിയുമായി ബന്ധപ്പെട്ട് റെയിൽവേയും നഗരസഭയും പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടിലാണ്. റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന കരാറുകാരന് കീഴിലെ തൊഴിലാളിയാണ് കാണാതായതെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.